മലപ്പുറം– നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം വേണമെന്നാവിശ്യപ്പെട്ട് പി.വി അന്‍വര്‍. കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ക്കാണ് വിജയസാധ്യതയെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തോ, വി.എസ് ജോയിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാൽ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അന്‍വര്‍ പറഞ്ഞു.
പിണറായിസത്തെ തകര്‍ക്കാന്‍ കൂട്ടായ പോരാട്ടത്തിലൂടെ മാത്രമേ സാധിക്കുള്ളുവെന്നും പക്ഷെ അതിന് ശക്തി പകരേണ്ട ഘടകങ്ങളെ യോജിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലയെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് മുന്നണി പ്രവേശനം സാധ്യമായാല്‍ കൂടുതല്‍ പേര്‍ ഒപ്പം വരും. മുന്നണി പ്രവേശനത്തിന് തടസ്സമുണ്ടെങ്കില്‍ ഉത്തരാദിത്തപ്പെട്ടവര്‍ പറയട്ടെയെന്നും തന്റെ ആത്യന്തിക ലക്ഷ്യം പിണറായിസത്തെ തകര്‍ക്കലാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പരിഗണനയിലുള്ള ആര്യാടന്‍ ഷൗക്കത്ത്, വി.എസ് ജോയി ഇവരില്‍ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. നിലമ്പൂരില്‍ ഇന്ന് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ നടക്കും. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം പരിഗണിക്കുന്നത്. ചുങ്കത്തറ മാര്‍ത്തോമ കോളജ് പ്രിന്‍സിപ്പല്‍ പ്രൊ. തോമസ് മാത്യു, നിലമ്പൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു, മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ താരം യു.ഷറഫലി എന്നിവരാണ് പരിഗണനയില്‍.