കൊച്ചി– പോപുലർ ഫ്രണ്ടിന്റെ സ്വത്തുക്കളാണെന്ന് കാണിച്ച് എൻഐഎ കണ്ടുകെട്ടിയത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് എൻഐഎ കോടതി. ആറു സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കിയതോടെ എൻഐഎക്ക് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്.
2022ൽ പാലക്കാട് ജില്ലയിലെ പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ ആർഎസ്എസ് അനുഭാവികൾ കൊലപ്പെടുത്തിയതിന് പ്രതികാരമായി ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പിന്നാലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപുലർ ഫ്രണ്ട് സ്വത്തുക്കൾ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എൻഐഎ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.
തിരുവനന്തപുരം എജ്യൂക്കേഷൻ ട്രസ്റ്റ്, പൂവൻചിറ ഹരിതം ഫൗണ്ടേഷൻ, ആലുവയിലെ പെരിയാർ വാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ് എന്നിവ വിട്ടു നൽകിയ സ്വത്തുക്കളിൽ ഉൾപ്പെടും. ഇതിൽ ആലുവയിലെ വള്ളുവനാട് ഹൗസ്, കാസർകോട്ടെ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ പോപുലർ ഫ്രണ്ട് ആയുധ പരിശീലനത്തിനായി ഉപയോഗിച്ചു എന്നായിരുന്നു എൻഐഎയുടെ വാദം.
കഴിഞ്ഞ ജൂൺ മാസത്തിൽ മലപ്പുറം, എറണാകുളം എന്നിങ്ങനെ നിരവധി ജില്ലകളിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി എൻഐഎ കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിലവിൽ കണ്ടുകെട്ടിയ സ്വത്തുക്കളെല്ലാം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് എൻഐഎ കോടതി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന് സ്വത്തുക്കളുമായുള്ള ബന്ധം പ്രത്യക്ഷത്തിൽ തെളിയിക്കാൻ കഴിയാത്തതും എൻഐഎക്ക് തിരിച്ചടിയായി.