തിരുവനന്തപുരം: നടൻ പ്രേംനസീറിന്റെ ആദ്യ സിനിമയിലെ നായിക നെയ്യാറ്റിൻകര കോമളം എന്ന കോമളാ മേനോൻ (95) അന്തരിച്ചു. അസുഖ ബാധിതയായി പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒക്ടോബർ 15-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രേംനസീറിന്റെ ആദ്യ സിനിമയായ മരുമകളിൽ കോമളം ആയിരുന്നു നായിക. കോമളത്തിന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ അബ്ദുൽഖാദർ എന്നായിരുന്നു നസീറിന്റെ പേര്. പിന്നീട് അദ്ദേഹം പ്രേം നസീറായപ്പോൾ കോമളം സിനിമ പൂർണമായും ഉപേക്ഷിച്ചിരുന്നു.
കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളത്തിന്റെ സിനിമാപ്രവേശം. 1955-ൽ പുറത്തിറങ്ങിയ ന്യൂസ്‌പേപ്പർ ബോയ് ആണ് ശ്രദ്ധേയ ചിത്രം. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും വേഷമിട്ടു. നസീറിന്റെ ആദ്യ നായിക എന്ന നിലയിലും അല്ലാതെയും നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 26 വർഷം മുമ്പ് താരസംഘടയായ അമ്മയിൽ അംഗമായിരുന്നു.
40 വർഷം മുമ്പ് ഭർത്താവ് ചന്ദ്രശേഖര മേനോൻ മരിച്ചു. മക്കളില്ലാത്തതിനാൽ സഹോദരന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.