വയനാട്: ഉരുള്‍പൊട്ടലില്‍ പൂർണമായി ഒറ്റപ്പെട്ട വയനാട്ടിലെ മുണ്ടക്കൈയിലേക്ക് എത്തി എന്‍ഡിആര്‍എഫ് സംഘം. കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ വടംകെട്ടി അതിസാഹസികമായാണ് സംഘാംഗങ്ങൾ ഇവിടേക്ക് എത്തിയത്.
മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയെന്നാണ് വിവരം. ഉരുള്‍പൊട്ടലുണ്ടായി 11 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താനായത്. ഇവിടേക്ക് പുറംലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാലം തകർന്നതോടെയാണ് മുണ്ടക്കൈ, അട്ടമല മേഖലകള്‍ ഒറ്റപ്പെട്ടത്.
ചൂരല്‍മലയിലും ഇവിടെനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയിലുമാണ് പുലർച്ചെയോടെ ഉരുള്‍പൊട്ടലുണ്ടായത്. എന്നാൽ ചൂരല്‍മലയിൽ മാത്രമാണ് രാവിലെ മുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചത്.
മുണ്ടക്കൈയിലേക്ക് സൈന്യം എത്തിയശേഷം താൽക്കാലിക പാലം നിർമിക്കുമെന്നാണ് അറിയിച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിംഗ് സാധ്യത പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകളും മടങ്ങിപ്പോയിരുന്നു.