തൃശൂര്‍ – എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന ഇ.പി .ജയരാജന്റെ അഭിപ്രായത്തിന് നന്ദിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തൃശൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഇടതുമുന്നണി കണ്‍വീനറും സിപിഎം മുതിര്‍ന്ന നേതാവുമായ ജയരാജന്‍ സത്യം പറഞ്ഞതില്‍ നന്ദിയുണ്ട്. പിണറായിയും എം.വി.ഗോവിന്ദനും ജയരാജനെ നിലപാട് തിരുത്താന്‍ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. അക്കാര്യം ജനങ്ങള്‍ക്കുമറിയാം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇ.പി.ജയരാജനും ജി.സുധാകരനും പല സത്യങ്ങളും തുറന്ന് പറയുന്നുണ്ട്. സിപിഎമ്മില്‍ പിണറായി മരുമകന് വേണ്ടി മുതിര്‍ന്ന നേതാക്കളെയെല്ലാം ഒതുക്കുകയാണ്. നിയമസഭയിലേക്ക് പ്രായം ചൂണ്ടിക്കാണിച്ച് സീറ്റ് നിഷേധിച്ച തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവരെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നിയോഗിച്ചതെന്തിനാണ്. പ്രായത്തിന്റെ പ്രശ്‌നമായിരുന്നില്ല, മുതിര്‍ന്ന നേതാക്കള്‍ നിയമസഭയില്‍ എത്തരുതെന്ന് കണക്കാക്കി അവരെ മാറ്റി നിര്‍ത്തുകയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സംസ്ഥാനത്ത് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണന നല്കിയത് എന്‍ഡിഎയാണ്. മറ്റ് രണ്ട് മുന്നണികളും പേരിന് മാത്രമാണ് വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയത്്. കൂടുതല്‍ വനിതകള്‍ക്ക് അവസരം നല്കിയത് എന്‍ഡിഎയാണ്.
കേരളത്തില്‍ എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകരസംഘടനയായി മാറിയിരിക്കയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും സിപിഎം നേതൃത്വവും പിന്തുണ കൊടുക്കുന്നതുകൊണ്ടാണ് എസ്എഫ്‌ഐ ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു.
ഒരു മാസത്തിനിടെ എസ്എഫ്‌ഐയുടെ മൂന്നാമത്തെ കൊലയാണ് കണ്ണൂരിലെ ഷാജിയുടേത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൃത്യമായി മൊഴി നല്കിയിട്ടും കുറ്റക്കാരായ എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ല.കേരള സര്‍വ്വകലാശാല എംപ്‌ളോയീസ് യൂണിയന്‍ ഓഫീസില്‍ വച്ചാണ് ഷാജിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതില്‍ യൂണിയന്‍ നേതാക്കള്‍ക്കും പങ്കുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
യൂണിയന്‍ ഓഫീസ് എസ്എഫ്‌ഐയുടെ ഇടിമുറിയാണെന്ന് നേരത്തെ തന്നെ പരാതി ഉള്ളതാണ്. ഈ ഇടിമുറി അടച്ചു പൂട്ടണം. എസ്എഫ്‌ഐയെ പേടിച്ച് കുട്ടികളെ കലാലയങ്ങളിലയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സി.സദാനന്ദന്‍, ദേവന്‍, സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് അതുല്യഘോഷ് വെട്ടിയാട്ടില്‍ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.