പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാകുറ്റം ചുമത്തപ്പെട്ട സി.പി.എം നേതാവ് പി.പി ദിവ്യയെ ഉടനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണമെന്ന് നവീന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കോന്നി തഹസിൽദാർ കൂടിയായ ഭാര്യയുടെ പ്രതികരണം.
പോലീസിന് വീഴ്ചയുണ്ടായി. കുടുംബാംഗങ്ങൾ വരുന്നതിന് മുമ്പ് ഇൻക്വസ്റ്റ് നടത്തിയതും ഭീഷണി പ്രസംഗത്തിൽ കലക്ടർ ഇടപെടാത്തതും പ്രാദേശിക ചാനലിനെക്കൊണ്ട് വീഡിയോ എടുപ്പിച്ചതുമെല്ലാം സംശയാസ്പദമാണ്. തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നും അവർ വ്യക്തമാക്കി.
സ്റ്റാഫ് കൗൺസിൽ ഒരുക്കിയ യാത്രയയപ്പ് വേദിയിൽ പി.പി ദിവ്യയ്ക്ക് സംസാരിക്കാൻ അവസരമൊരുക്കിയ ജില്ലാ കലക്ടറുടെ നടപടി തെറ്റാണ്. അത്തരമൊരു കാര്യം സംസാരിക്കാനുള്ള വേദി അതായിരുന്നില്ല. അതിന് വേറെ വേദി ഒരുക്കാമായിരുന്നുവെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്നും അവർ വ്യക്തമാക്കി.
നീതിക്കു വേണ്ടി മുന്നോട്ട് പോകുമെന്ന് നവീൻ ബാബുവിന്റെ സഹോദരനും പ്രതികരിച്ചു. പോലീസിന് തുടക്കം തൊട്ട് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നു. ഇപ്പോഴും ചെയ്യാം. അതുണ്ടാകണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
നിയമവഴിയാണ് കുടുംബം നോക്കിയതും സ്വീകരിച്ചതും. അങ്ങനെതന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.