കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച സി.പി.എം നേതാവ് പി.പി ദിവ്യ ഒളിവിൽ. കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതിചേർക്കപ്പെട്ടതോടെ ദിവ്യ ഇന്നലെ മുൻകൂർ ജാമ്യത്തിന് ഹരജി നൽകിയിരിക്കുകയാണ്.
കോടതി ഇടപെടൽ ഉണ്ടാകുന്നത് വരെ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയാനാണ് ദിവ്യയുടെ ശ്രമം. മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി പരിഗണിക്കുന്നതുവരെ ദിവ്യയെ അറസ്റ്റ് ചെയ്യാതെയും ചോദ്യം ചെയ്യാതെയും പോലീസ് പ്രതിക്ക് സാവകാശം നല്കുകയാണെന്ന വിമർശം ശക്തമാണ്.
അതിനിടെ, ദിവ്യ നൽകിയ ഹരജിയിൽ മരിച്ച നവീന്റെ കുടുംബം കക്ഷിചേരുമെന്ന് വിവരമുണ്ട്. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത് യാത്രയയപ്പ് ചടങ്ങിൽ അപമാനിച്ച പി.പി ദിവ്യയാണെന്ന് കുടുംബം കോടതിയെ അറിയിക്കും. ഒപ്പം ദിവ്യയെ കൂടാതെ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. കുടുംബവും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തങ്ങളുടെ നിലപാട് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇക്കാര്യം കേസിൽ കക്ഷിചേർന്ന് കോടതിയെ ഔദ്യോഗികമായി അറിയിക്കാനാണ് സാധ്യത.
ദിവ്യയുടെ അപക്വമായ പരാമർശങ്ങൾ സംബന്ധിച്ച സൂചന ജില്ലാ കലക്ടർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും സംശയിക്കുന്നവരുണ്ട്. യോഗത്തിലെ അധ്യക്ഷനായ കലക്ടർ വിവാദ പ്രസംഗത്തിന് ദിവ്യയെ ക്ഷണിച്ച് വരുത്തുകയും കാര്യങ്ങൾ കൈവിട്ട രീതിയിൽ ആക്ഷേപകരമായ രീതിയിൽ നടത്തിയിട്ടും ഇടപെടാതിരുന്നത് ഇതുകൊണ്ടാണെന്നാണ് പലരും പറയുന്നത്. കലക്ടറുടെ നടപടി ഞെട്ടിപ്പിച്ചുവെന്നാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത പല റവന്യൂ ഉദ്യോഗസ്ഥരും പോലീസിന് നൽകിയ മൊഴിയിലുള്ളത്.
ക്ഷണിച്ചിട്ടാണ് പരിപാടിക്ക് വന്നതെന്ന ദിവ്യയുടെ വാദവും ജീവനക്കാർ നിരാകരിക്കുന്നു. ദിവ്യയെ ക്ഷണിച്ചതായി സ്റ്റാഫ് കൗൺസിലിൽ ആർക്കും അറിയില്ലെന്നാണ് മൊഴികളിലുള്ളത്. കലക്ടറുടെയും കൂടുതൽ ജീവനക്കാരുടെയും മൊഴി അടക്കം രേഖപ്പെടുത്തി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. അപ്പോഴും സി.പി.എം നേതാവ് പി.പി ദിവ്യയിലേക്ക് അന്വേഷണവും ചോദ്യം ചെയ്യലും നീളാത്തതിൽ പ്രതിഷേധം കനക്കുകയാണ്.
ദിവ്യക്കെതിരെ പാർട്ടി നടപടി എടുത്ത് കണ്ണിൽ പൊടിയിടുകയാണുണ്ടായതെന്നും മുഖ്യമന്ത്രിയുടെ കൈപ്പിടിയിലുള്ള അഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിൽ ദിവ്യ യാതൊരു പരുക്കുമില്ലാതെ സുരക്ഷിതയാണെന്നുമാണ് വിമർശം. ദിവ്യയെ അറസ്റ്റ് ചെയ്യാൻ ഭയക്കാതെ നീതി നിർവഹണത്തിൽ പോലീസ് ശക്തമായ ഇടപെടൽ തുടരണമെന്ന ആവശ്യം വരും മണിക്കൂറുകളിലും കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത.