കോഴിക്കോട്: കോടികൾ ചെലവഴിച്ചുള്ള രണ്ടാം പിണറായി സർക്കാറിന്റെ നവകേരള യാത്രയോടനുബന്ധിച്ച് പുറത്തിറക്കിയ നവകേരള ബസ് നാളെ മുതൽ പുതിയ സർവീസ് ആരംഭിക്കും.
രൂപമാറ്റം വരുത്തിയ ബസ് നാളെ കോഴിക്കോട് നിന്നാണ് സർവീസ് ആരംഭിക്കുക. എല്ലാ ദിവസവും രാവിലെ 8.30ന് കോഴിക്കോട്‌നിന്നും ബെംഗുളുരുവിലേക്ക് തിരിക്കുന്ന ബസ് വൈകുന്നേരം നാലരയോടെ ബെംഗുളുരുവിലെത്തും. തുടർന്ന് രാത്രി 10.30ന് തിരിക്കുന്ന ബസ് പുലർച്ചെ നാലരയോടെ കോഴിക്കോട്ടെത്തുംവിധമാണ് സർവീസ് ക്രമീകരിച്ചത്. ബുക്കിംഗ് ചാർജ് അടക്കം 911 രൂപയാണ് ടിക്കറ്റ് നിരക്ക്.
നവകേരള യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ബസ്സിൽ കാര്യമായ നവീകരണം നടത്തിയാണ് കോഴിക്കോട്-ബെംഗുളൂർ റൂട്ടിൽ സർവീസ് നടത്തുക. ബസ്സിൽ അധികമായി 11 സീറ്റുകൾ ഘടിപ്പിക്കുകയും എസ്‌കലേറ്ററും പിൻഭാഗത്തെ ഡോറും ഒഴിവാക്കി പകരം മുന്നിലൂടെ കയറാവുന്ന വിധമാണ് ബസ് യാത്രയ്ക്കായി ഒരുക്കിയിട്ടുള്ളത്.
നേരത്തെയും നവ കേരള ബസ് ഗരുഡ പ്രീമിയം ലക്ഷ്വറി ബസ് ആയി കോഴിക്കോട് നിന്ന് ബെംഗ്ലൂരുവിലേക്ക് സർവീസ് നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മെയിൽ ആരംഭിച്ച സർവീസ് യാത്രക്കാർ കുറഞ്ഞതും ഇടയ്ക്കിടെ സർവീസ് മുടങ്ങിയതും കാരണം ജൂലൈയിൽ കട്ടപ്പുറത്താവുകയായിരുന്നു. തുടർന്നാണ് വീണ്ടും അറ്റകുറ്റ പണികൾ നടത്തി അഞ്ചുമാസത്തിനുശേഷം വീണ്ടും നിരത്തിലിറക്കുന്നത്.
നേരത്തെ 26 സീറ്റുണ്ടായിരുന്നത് ഇപ്പോൾ 37 സീറ്റുകളാക്കി കൂട്ടിയിട്ടുണ്ട്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉണ്ടാവുക. ബസിന്റെ ആദ്യ മൂന്നു ദിവസത്തെ ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനകം പൂർത്തിയായിട്ടുണ്ട്.
നവ കേരള യാത്രയ്ക്കായി 1.16 കോടി രൂപ മുടക്കിയാണ് 12 മീറ്റർ നീളമുള്ള ബസ് നിർമിച്ചത്. തുടർന്ന് വിവിധ ഘട്ടങ്ങളായി നടത്തിയ രൂപമാറ്റങ്ങൾക്കുശേഷമാണ് ബസിന്റെ പുതിയ സർവീസ് ക്രമം പ്രഖ്യാപിച്ചിട്ടുള്ളത്.