തിരുവനന്തപുരം– ദേശീയ ചലച്ചിത്ര അവാർഡിൽ പ്രൊപഗണ്ട സിനിമയായ കേരള സ്‌റ്റോറി സംവിധായകന് ദേശീയ അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നേതാക്കൾ. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീഷനും ഉൾപ്പെടെയുള്ള കേരള രാഷ്ട്രീയ സമൂഹം ഒന്നടങ്കം ഫേസ്ബുക്കിലൂടെ പ്രതിഷേധമറിയിച്ചു.
സിനിമയുടെ പേരെടുത്ത് പറയാതെ നുണകളാൽ പടുത്ത സിനിമക്ക് പുരസ്‌കാരം ഇന്ത്യൻ ശ്രേഷ്ഠ പാരമ്പര്യത്തെ അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് കേരള സ്റ്റോറി സിനിമക്ക് പുരസ്‌കാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ പറഞ്ഞു. കേരളാ സ്റ്റോറിക്ക് അവാർഡ് നൽകിയത് ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് അപമാനകരമാണെന്ന് മന്ത്രി സജി ചെറിയാനും വിമർശിച്ചു.
ഒരു നാടിനെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കേന്ദ്രമാക്കി ചിത്രീകരിച്ച കേരള സ്റ്റോറിക്ക് അവാർഡ് നൽകുന്നതിലൂടെ ഇന്ത്യയിലെ ബഹുസ്വരതയെ തകർക്കുന്ന കലാ ആവിഷ്‌കാരങ്ങൾക്കാണ് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുക എന്ന സന്ദേശമാണ് ജൂറി പറയാതെ നൽകുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. കലാകാരന്മാർക്കും സംവിധായകർക്കും രാഷ്ട്രത്തിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ അവർ വിദ്വേഷവും വർഗീയതെയും വമിപ്പിക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് ഇതിലൂടെ ബിജെപി നിർദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.