കണ്ണൂർ – ഇ.പി. ജയരാജൻ വധശ്രമം കെട്ടുകഥയാണെന്ന കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന്റെ കണ്ടുപിടിത്തം വിചിത്രമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. 1995 ഏപ്രിൽ 12ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ചാണ്ഡിഗഡിൽ നിന്നും നാട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് രാജധാനി എക്സ്പ്രസ്സിൽ വെച്ച് ഇ.പി. ജയരാജന് വെടിയേറ്റത്. വെടിവെച്ചത് കെ. സുധാകരൻ നൽകിയ തോക്കുപയോഗിച്ചാണെന്ന് മുഖ്യപ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരൻ അന്ന് പ്രതിയായതെന്നും എം.വി ജയരാജൻ പറഞ്ഞു.
ചെലവുകൾക്കായി 10000 രൂപയും നൽകിയിരുന്നു. മുഖ്യപ്രതി ദിനേശനെ പിടിച്ചത് വെടിവെച്ചതിന് ശേഷം രക്ഷപ്പെടുന്നതിനിടയിൽ തമിഴ്നാട്ടിൽവെച്ച് മണിക്കൂറുകൾക്കകമാണ്. മൊഴി രേഖപ്പെടുത്തിയത് റെയിൽവേ പോലീസും തുടർന്ന് സുധാകരനടക്കമുള്ളവരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് ആന്ധ്രയിലെ ചിറാല പോലീസുമാണ്. ഈ കേസിൽ ആന്ധ്ര ഹൈക്കോടതിയിൽ പ്രതി സുധാകരൻ മുൻകൂർ ജാമ്യത്തിന് വേണ്ടി അപേക്ഷിച്ചിരുന്നു. ആറുമാസം ആന്ധ്രവിട്ടുപോകാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
പ്രസ്തുത കേസിൽ കുറ്റകൃത്യം നേരിട്ട് നടത്തിയ രണ്ട് പ്രതികളിലൊരാൾ പിന്നീട് മരണപ്പെടുകയുണ്ടായി. മറ്റൊരാളെ കോടതി ശിക്ഷിച്ചു. 1997ൽ കേരളത്തിലെ തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസാവട്ടെ കൂടുതൽ തെളിവുകളും വസ്തുതകളുംഅടിസ്ഥാനമാക്കിയുള്ള ഗൂഢാലോചന കുറ്റം ചുമത്തിക്കൊണ്ടുള്ള കേസായിരുന്നു. അതിൻമേലുള്ള ഹൈക്കോടതി വിധിയാണ് ഇപ്പോൾ വന്നത്. കേസിന്റെ മെറിറ്റിലേക്കൊന്നും കോടതി കടന്നിട്ടില്ല. മാത്രമല്ല, മികച്ച അന്വേഷണത്തിലൂടെ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് വിധിയിൽ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അതിന് ആന്ധ്രയിൽ തുടരന്വേഷണം നടത്തുകയാണ് വേണ്ടതെന്നും പറയുന്നു.
ഒരു സംഭവത്തിൽ രണ്ട് എഫ്.ഐ.ആർ പാടില്ലെന്ന തികച്ചും സാങ്കേതികമായ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മാത്രമാണ് ഇപ്പോഴുണ്ടായ വിധി. അത് ഇപി ജയരാജന് വെടിയേറ്റില്ലെന്നോ ഗൂഢാലോചന നടന്നില്ലെന്നോ വ്യക്തമാക്കുന്ന വിധിയല്ല. ചെന്നൈയിലും കേരളത്തിലും വിദേശത്തുമായി ദീർഘകാലം ജയരാജൻ ചികിത്സ തേടിയത് വെടിയേറ്റതിന്റെ ഫലമായിട്ടാണ്. ഇപ്പോഴും നീക്കംചെയ്യാൻ കഴിയാത്ത വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കഴുത്തിൽ വഹിച്ചുകൊണ്ടാണ് ജയരാജൻ ജീവിക്കുന്നത്. വസ്തുത ഇതായിരിക്കെ, താൻ കുറ്റവിമുക്തനായി എന്ന സുധാകരന്റെ പ്രസ്താവന വിചിത്രമാണ്. – ജയരാജൻ പറഞ്ഞു.
തന്നെ ക്രിമിനലായി ബി.ജെ.പി ചിത്രീകരിക്കുന്നുവെന്ന തമാശയും കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രതികരണത്തിലുണ്ട്. ആർ.എസ്.എസ്സിന്റെ ശാഖയ്ക്ക് സംരക്ഷണം നൽകിയ കോൺഗ്രസ്സുകാരനെ ഒരിക്കലും ക്രിമിനലായി ബി.ജെപി കാണില്ല. അതുകൊണ്ടു തന്നെയാണ് കൂട്ടുകച്ചവടം നടത്തി ഇരുകൂട്ടരും വിലസുന്നതെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.