കോഴിക്കോട്: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നാളെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന മഹാറാലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നിന് കടപ്പുറത്ത് നടക്കുന്ന റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരുലക്ഷത്തിലേറെ പേർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ പാർലമെന്റിൽ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ കരുത്തുറ്റ ശബ്ദവും പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചാബ് മുൻ മന്ത്രിയുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയായിരിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം മാധ്യമങ്ങളെ അറിയിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന റാലിയിൽ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ലീഗ് എം.പിമാർ, ദേശീയ-സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ബസ്സുകളിലും വാഹനങ്ങളിലുമായി കോഴിക്കോട്ടെത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽ നിന്നിറങ്ങി ചെറു പ്രകടനങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. വഖഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിക്കും. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന മുദ്രാവാക്യങ്ങൾ മാത്രമാണ് റാലിയിൽ വിളിക്കേണ്ടത്. പവിത്രമായ അവകാശത്തിന് വേണ്ടിയുള്ള സോദ്ദേശ്യ സമരമെന്ന നിലയിൽ ലീഗിന്റെ മാന്യതക്കും അന്തസ്സിനും നിരക്കുന്ന രീതിയിൽ അച്ചടക്കത്തോടെയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കേണ്ടതെന്ന് നേതാക്കൾ ഓർമിപ്പിച്ചു.
അതിനിടെ, കരിപ്പൂരിൽ മുസ്‌ലിം ബ്രദർ ഹുഡ് നേതാവിന്റെ ചിത്രം ഉയർത്തി ജമാഅത്തെ ഇസ്‌ലാമി പോഷക സംഘടനകൾ നടത്തിയ വഖഫ് പ്രതിഷേധ രീതിയോട് യോജിപ്പില്ലെന്ന് ചോദ്യത്തോടായി പി.എം.എ സലാം പ്രതികരിച്ചു. വഖഫ് സമരത്തിന് മതേതര സമൂഹത്തിന്റെ പിന്തുണയുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തും. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭത്തിലൂടെ സർക്കാറിനെ തിരുത്തുക എന്ന ലക്ഷ്യവുമായാണ് മഹാറാലി സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കി.