തിരുവനന്തപുരം– ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതാവും ലോക്‌സഭാ എംപിയുമായ കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചു. എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി നേതാവുമായ പ്രിന്റു മഹാദേവാണ് ന്യൂസ് 18 കേരള ചാനലിലെ ചർച്ചയിൽ ‘രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടി വീഴും’ എന്ന വിവാദ പ്രസ്താവന നടത്തിയത്. ലഡാക്ക് സംഭവത്തെക്കുറിച്ചുള്ള ഡിബേറ്റിനിടെയാണ് ഈ ഭീഷണി മുഴക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കത്തും അതിലെ വിശദാംശങ്ങളും വേണുഗോപാൽ പങ്കുവെച്ചു.
പ്രിന്റു മഹാദേവിന്റെ പ്രസ്താവനയെ ‘അത്യന്തം ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യം’ എന്നാണ് കത്തിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നത്. “രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടി വീഴും” എന്ന അർത്ഥത്തിലുള്ള വാക്കുകൾ ടിവി ചാനലിൽ പരസ്യമായി മുഴക്കിയത് രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിയമനിർവഹണ സംവിധാനത്തിനുമെതിരായ വെല്ലുവിളിയാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഇത് സംഘപരിവാർ-ബിജെപി നേതാക്കളുടെ ‘ഗോഡ്‌സെ’ പൈതൃകത്തിന്റെ തുടർച്ചയാണെന്നും കത്തിൽ ആരോപിക്കുന്നു. മഹാത്മാഗാന്ധിക്കെതിരെ നാഥുറാം ഗോഡ്‌സെയുടെ കൊലപ്രവൃത്തിയെ സ്മരിപ്പിക്കുന്ന രീതിയിലുള്ള ഈ ഭീഷണി, പ്രതിപക്ഷ നേതാവിനെ ‘ഭയപ്പെടുത്തുന്നു’ എന്ന സത്യവസ്തുതയെ വെളിപ്പെടുത്തുന്നുവെന്ന് വേണുഗോപാൽ പറയുന്നു.
കേരള പൊലിസിന് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യണമെന്നും, സ്വമേധയാ നടപടി സ്വീകരിക്കാത്തത് ‘നിർദേശങ്ങളുടെ’ ഫലമാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പിണറായി സർക്കാരിന്റെ നിശബ്ദത, ഈ കൊലവിളിക്ക് ‘അനുവാദവും അംഗീകാരവും’ നൽകുന്നതിന് തുല്യമാണെന്ന് വിമർശിക്കുന്നു. ബിജെപി നേതൃത്വത്തോട്, പ്രിന്റു മഹാദേവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ സംഭവം ‘രാഹുൽ ഗാന്ധിയെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ’ ഭാഗമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിആർപിഎഫ് തന്നെ രാഹുൽ ഗാന്ധിയുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അമിത് ഷായ്ക്ക് നിരവധി കത്തുകൾ അയച്ചിട്ടുണ്ട്. അതിനിടയിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ നിസ്സാരമായി കാണാനാവില്ലെന്ന് വേണുഗോപാൽ ഓർമിപ്പിക്കുന്നു. നിയമപരമായും രാഷ്ട്രീയപരമായും ഇത്തരം പ്രചാരകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബിജെപി നേതാവിനെതിരെ കടുത്ത വിമർശനം നടത്തി.കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അടിയന്തര കേസ് രജിസ്റ്റേഷൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.