ആലപ്പുഴ – മാന്നാറിലെ കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയത് ‘ ദ്യശ്യം ‘ സിനിമ മോഡലിലെന്ന് പോലീസ്. കൊലപാതകത്തിന് കൂട്ടു നിന്നവര്‍ പോലും അറിയാതെ കേസിലെ മുഖ്യപ്രതി കലയുടെ ഭര്‍ത്താവ് അനില്‍ കുമാര്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് എടുത്ത് മാറ്റി മറ്റെവിടെയോ ഉപേക്ഷിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. കലയുടെ മൃതദേഹം ആദ്യം ആറ്റില്‍ കളയാനാണ് പ്രതികള്‍ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറില്‍ എത്തിച്ചതെന്നുമാണ് വിവരം. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. 15 വര്‍ഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തല്‍. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കോടതിക്ക് കൈമാറി.
ചെങ്ങന്നൂര്‍ ഡി വൈ എസ് പി നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘം പോലിസ് കസ്റ്റഡിയില്‍ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തില്‍ പ്രതികള്‍ നല്‍കുന്ന മൊഴികളില്‍ ഇപ്പോഴും വൈരുധ്യം തുടരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കി. പക്ഷെ സാഹചര്യം അനുകൂലമല്ലാതിരുന്നതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.
പിന്നീടാണ് കാറില്‍ മറ്റൊരിടത്തേക്ക് മൃതദേഹം കൊണ്ടുപോയത്. സെപ്റ്റിക് ടാങ്കില്‍ തന്നെയാണോ അതോ മറ്റെവിടെയെങ്കിലുമാണോ മൃതദേഹം മറവ് ചെയ്തതെന്നാണ് പോലിസിന് സംശയം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കലയുടെ ഭര്‍ത്താവ് ഇപ്പോള്‍ ഇസ്രായേലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുകയാണ് പ്രധാനം. മൃതദേഹം എവിടെ എന്ന കാര്യത്തില്‍ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്നും പോലീസ് കരുതുന്നു.