ആലപ്പുഴ– തോട്ടപ്പള്ളിയിൽ 62-കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം പ്രതിയാക്കിയ മണ്ണഞ്ചേരി സ്വദേശി അബൂബക്കർ (68) നിരപരാധിയെന്ന് വെളിപ്പെടുത്തൽ. യഥാർഥ പ്രതികളായ തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശികളായ സൈനുൽ ആബിദിനെയും ഭാര്യ അനീഷയെയും ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത അബൂബക്കർ ബലാത്സംഗത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയെന്നും കുറ്റം സമ്മതിച്ചെന്നും പോലീസ് അവകാശപ്പെട്ടിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെങ്കിലും, 24 മണിക്കൂറിനുള്ളിൽ പോലീസിന്റെ അന്വേഷണത്തിൽ വൻ വീഴ്ച സംഭവിച്ചതായി വ്യക്തമായി. അബൂബക്കർ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ കുറ്റം ഒഴിവാക്കുമെന്നും പോലീസ് അറിയിച്ചു.
നിരപരാധിയായ ഒരാളെ 24 മണിക്കൂർ ബലാത്സംഗ, കൊലപാതക കേസിൽ പ്രതിയാക്കിയത് പോലീസ് അന്വേഷണത്തിലെ ഗുരുതര പിഴവിനെയാണ് സൂചിപ്പിക്കുന്നത്. പോലീസിനെതിരെ അബൂബക്കറിന്റെ കുടുംബം രംഗത്ത് വന്നിരുന്നു.
കൊലപാതകം കണ്ടെത്തിയത് ഞായറാഴ്ച
തോട്ടപ്പള്ളിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 62-കാരിയെ ഞായറാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന നിലയിലും മുറിയിൽ മുളകുപൊടി വിതറിയ നിലയിലുമായിരുന്നു. വൈദ്യുതി കമ്പി മുറിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതക കേസെടുത്ത പോലീസ്, ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 30 അംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബാഹ്യമോ ആന്തരികമോ ആയ ഗുരുതര പരിക്കുകൾ ഇല്ലെന്ന് കണ്ടെത്തിയെങ്കിലും, അന്വേഷണം തുടർന്നു. 60-ലധികം പേരെ ചോദ്യം ചെയ്ത സംഘം വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെൽവേലിയിലും അന്വേഷണം നടത്തി.
അബൂബക്കറിലേക്ക് എത്തിയത് എങ്ങനെ?
കൊലപാതക വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ മുതൽ അബൂബക്കർ സ്ഥലത്തുണ്ടായിരുന്നു. പോലീസിനോട് വിവരങ്ങൾ വിശദീകരിക്കുന്നതിൽ മുൻനിരയിലുമുണ്ടായിരുന്നു. എന്നാൽ, സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ അബൂബക്കറിന്റെ സംശയാസ്പദമായ ചലനങ്ങൾ കണ്ടെത്തി. മരിച്ച സ്ത്രീയുടെ ഫോണിലേക്ക് ഇയാൾ നിരവധി തവണ വിളിച്ചതിന്റെ തെളിവുകളും ലഭിച്ചു. ഇതോടെ അബൂബക്കറിനെ പ്രതിയാക്കി, ബലാത്സംഗത്തിനിടെ കൊലപാതകം നടന്നതായി പോലീസ് ഉറപ്പിച്ചു.
വഴിത്തിരിവായത് കാണാതായ മൊബൈൽ ഫോൺ
കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈൽ ഫോൺ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. ആദ്യ ദിവസങ്ങളിൽ ഇത് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഫോൺ സ്വിച്ച് ഓൺ ആയതോടെ ടവർ ലൊക്കേഷൻ വഴി അന്വേഷണം പുരോഗമിച്ചു. ഇതാണ് സൈനുൽ ആബിദിനെയും ഭാര്യ അനീഷയെയും പ്രതികളായി കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. മരിച്ച സ്ത്രീയുടെ വീടിനു സമീപം സൈനുലാബ്ദീൻ മുൻപ് വാടകയ്ക്കു താമസിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ദമ്പതിമാർ കുറ്റം സമ്മതിച്ചു. മോഷണ ശ്രമത്തിനിടെ 62-കാരി കൊല്ലപ്പെട്ടതാണെന്നും വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും ഇവർ വെളിപ്പെടുത്തി.അറസ്റ്റിലായ സൈനുലാബ്ദീൻ മുൻപ് മോഷണം, അടിപിടി കേസുകളിൽ പ്രതിയായിരുന്നെന്നും അനീഷ ഇയാളുടെ മൂന്നാമത്തെ ഭാര്യയാണെന്നും പോലീസ് കണ്ടെത്തി.