- സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരസ്യ പ്രതികരണത്തിലേക്ക് പോകരുത്. വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സർക്കാർ ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് അതിൽ തീരുമാനമെടുക്കേണ്ടതെന്നും ലീഗ് നേതാക്കൾ.
മലപ്പുറം: മുനമ്പം വഖഫ് ഭൂമിയുടെ പേരിൽ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും അതിന് സർക്കാരാണ് മുൻകൈ എടുക്കേണ്ടതെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം മാധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വഖഫ് സംബന്ധമായി ഒരുപാട് കാര്യം ചർച്ച ചെയ്യാനുണ്ടാകും. ഇപ്പോൾ ആ ഒരു ചർച്ചയിലേക്ക് പോകാനല്ല മുസ്‌ലിം സംഘടനകൾ തീരുമാനിച്ചത്. ലീഗ് നിലപാട് വ്യക്തമാണെന്നും അതിൽ സംശയങ്ങൾക്ക് ഇടയില്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.
പ്രതിപക്ഷ നേതാവിനെ തള്ളിയുള്ള കെ.എം ഷാജിയുടെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ പ്രസംഗത്തിൽ ഓരോരുത്തരും അതിന്റെ ശൈലിയിൽ കാര്യങ്ങൾ പറയും. അത് കാര്യമായെടുക്കുന്നില്ല. ലീഗിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. നേതൃത്വം ഒരു നിലപാട് പറഞ്ഞാൽ അതോടൊപ്പമായിരിക്കും എല്ലാവരും. മുനമ്പം വിഷയം വർഗീയ ധ്രുവീകരണത്തിലേക്ക് പോകുന്ന ഘട്ടത്തിലാണ് മുസ്‌ലിം സംഘടനകൾ യോഗം ചേർന്ന് നിലപാട് വ്യക്തമാക്കിയത്. അതിൽ മാറ്റമില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
അതേസമയം, മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അവിടെയുള്ള താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാടെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുനമ്പം വഖഫാണോ അല്ലേ എന്നതിനെച്ചൊല്ലി സമൂഹത്തിൽ അനാവശ്യ വിവാദങ്ങളിലേക്കും തർക്കത്തിലേക്കും പോകേണ്ടതില്ല. ഇപ്പോൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ വെച്ചിരിക്കുകയാണ് സർക്കാർ. അതിനാൽ അനാവശ്യ വിവാദങ്ങളിൽ സമയം കളയേണ്ടെന്നും ഒരാളെയും കുടിയൊഴിപ്പിക്കാതെ സമൂഹത്തിൽ ഭിന്നതകളില്ലാതെ, പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണത്തിലേക്ക് പോകരുത്. വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സർക്കാർ ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് അതിൽ തീരുമാനമെടുക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.