- സമരക്കാരുമായി നാളെ മുഖ്യമന്ത്രി ചർച്ച നടത്തും
കൊച്ചി: മുനമ്പം ഭൂ പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരേ മുനമ്പം സമരസമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം. സർക്കാർ നിരാശപ്പെടുത്തിയെന്നും വൈകിയ വേളയിൽ ജുഡീഷ്യൽ കമ്മിഷന്റെ ആവശ്യമില്ലെന്നുമാണ് സമരക്കാർ പറയുന്നത്.
സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്നും മരണം വരെ സമരം ചെയ്യുമെന്നും സമരക്കാർ പ്രതികരിച്ചു. പണംകൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാൻ ജുഡീഷ്യൽ കമ്മിഷനെ വയ്ക്കുന്നത് അംഗീകരിക്കാനാകില്ല. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും എന്ത് ജീവിതമാണ് സർക്കാർ നൽകിയതെന്നും സമരക്കാർ ചോദിച്ചു. കിടക്കാൻ മണ്ണില്ല. ഒരു തുണ്ട് മണ്ണിന് വേണ്ടിയാണ് തങ്ങളുടെ സമരം. മൂന്ന് വർഷമായി സമരമുഖത്തുണ്ട്. ഇനിയെങ്കിലും ഒരു തീരുമാനം ഉണ്ടാകണമെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.
സമരസമിതി തീരുമാനത്തെ തുടർന്ന് മുഖ്യമന്ത്രി നാളെ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം നാലിന് ഓൺലൈനിലായിരിക്കും ചർച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിതല യോഗത്തിലാണ് മുനമ്പം വിഷയം പരിശോധിക്കാൻ ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായി ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചത്. ഒരാളെയും കുടിയിറക്കാതെ, വഖഫ് ബോർഡ് നോട്ടീസ് ലഭിച്ചവർക്ക് അടക്കം നിയമപരമായ സംരക്ഷണം ഉറപ്പാക്കി മൂന്ന് മാസത്തിനകം റിപോർട്ട് നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ, പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശം. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
അതേസമയം, മുനമ്പം ഭൂമി പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടിയെ വഖഫ് സംരക്ഷണ സമിതി സ്വാഗതം ചെയ്തു. നിലവിലെ പ്രശ്‌നം പരിഹരിക്കാൻ മാത്രം സർക്കാർ എടുത്ത തീരുമാനമാണിത്. ഇത് വഖഫ് ഭൂമിയാണ്. ആരാണോ അതിന്റെ യഥാർത്ഥ അവകാശികൾ, അവർക്ക് ഭൂമി തിരിച്ചു കിട്ടണമെന്നും വഖഫ് സംരക്ഷണ സമിതി വ്യക്തമാക്കി.