തിരുവനന്തപുരം– മുനമ്പം വഖഫ് ഭൂമി തർക്കവിഷയം പരിഹരിക്കാന്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
വഖഫ് ഭേദഗതി നിയമം നിലവിൽ വന്ന സമയത്ത് വലിയ പ്രതീക്ഷയോടെയാണ് മുനമ്പം സമര സമിതി ആഘോഷിച്ചിരുന്നത്. കേന്ദ്ര നേതാക്കളോട് നന്ദി പറയുകയും സംസ്ഥാന സർക്കാറിനെയും മറ്റ് ജനനേതാക്കളെയും തള്ളിപ്പറഞ്ഞിരുന്നു. ബി.ജെ.പി പറഞ്ഞ് പറ്റിക്കുകയാണെന്ന വികാരം ക്രൈസ്തവ സഭ നേത്രത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നത്.
വഖഫ് ബില്ലിന് കേരള കത്തോലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) പിന്തുണ നല്‍കിയത് മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കരുതിയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളൊക്കെയും മുനമ്പം പ്രശ്‌നം വഖഫ് നിയമഭേദഗതി കൊണ്ട് തീരില്ലെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുനമ്പം പ്രശ്‌നം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമവ്യവഹാരം നടത്തേണ്ടി വരുമെന്നാണ് സൂചന നല്‍കിയത്.