മുനമ്പം: മുമ്പം സമരത്തിൽ ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ പരാമർശത്തിന് മറുപടിയുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാൻ കഴിയുമോ? ഞാൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോ? ഞങ്ങൾ സമരക്കാരുടെ ഇടയന്മാർ ആണ്. ജനങ്ങളുടെ കൂടേ നിൽക്കുന്നില്ലെങ്കിൽ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദർ ഷർട്ട് ഇട്ട് സമര പന്തലിൽ വന്നു നിൽക്കാനാകില്ലെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ഈ സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും സഭയും കൂടെയുണ്ടാകുമെന്നും അദ്ദേഹം നിറഞ്ഞ കൈയടിക്കിടെ വ്യക്തമാക്കി. സമരത്തിൽ ഏതറ്റംവരെ പോകേണ്ടിവന്നാലും ഞാൻ കൂടെയുണ്ടാകും. നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചുവീഴുന്നത് വരെ ഞാനുണ്ടാകും. ഗാന്ധിജിയുടെ സത്യഗ്രഹ മാതൃകയിൽ പോരാട്ടം നടത്തും. അക്രമസക്തമായ രീതിയിൽ അല്ലെന്നും ബിഷപ്പ് വ്യക്തമാക്കി.
മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഇന്ന് പള്ളികളിൽ പ്രതിഷേധ റാലികളും ബോധവത്കരണ പരിപാടികളും നടന്നു. 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും വഖഫ് ബോർഡിന്റെ അവകാശവാദം ഉപക്ഷേിക്കണമെന്നും കെ.സി.ബി.സി.യും കെ.ആർ.എൽ.സി.സിയും ആവശ്യപ്പെട്ടു.