തിരുവനന്തപുരം- മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരാണ് കമ്മീഷൻ ചെയർമാൻ. മൂന്നു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. വഖഫ് ബോർഡ് നോട്ടീസ് നൽകിയ 12 പേർക്ക് എതിരെ തുടർ നടപടികളുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം ജുഡീഷ്യൽ കമ്മീഷൻ തീരുമാനിക്കും. മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.
മുനമ്പത്ത് ഇനി ആർക്കും നോട്ടീസ് നൽകില്ലെന്നും കരം അടക്കാൻ സൗകര്യം ഒരുക്കുമെന്നും ഉന്നതതല സമിതി വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്ന് മുനമ്പം സമര സമിതി അറിയിച്ചു. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം നടത്തിയ സമര സമിതി പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചു.