- മുക്കത്ത് ഹോട്ടൽ ഉടമയും സംഘവും എത്തിയത് സഹപ്രവർത്തകർ അവധിയിൽ പോയ സമയത്ത്
കോഴിക്കോട് (മുക്കം): മുക്കം മാമ്പറ്റയിൽ പീഡനശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് യുവതി പുറത്തുചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഇരയുടെ കുടുംബം രംഗത്ത്. പയ്യന്നൂർ സ്വദേശിനിയായ യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി 11-ഓടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് സങ്കേതം ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി വന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നുപേരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി നൽകിയ മൊഴിയിലുള്ളത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണരക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് പുറത്തുചാടുകയായിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ടെന്ന് കുടുംബം പ്രതികരിച്ചു. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചതായും കുടുബം ആരോപിച്ചു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
താമസസ്ഥലത്തെ വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ സമയം നോക്കിയാണ് ഹോട്ടൽ ഉടമയും സംഘവും യുവതിയെ പീഡിപ്പിക്കാനെത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതിൽ ആശങ്കയുണ്ടെന്നും കുടുംബം പ്രതികരിച്ചു.

നട്ടെല്ലിനും ഇടുപ്പിനും പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുക്കം പോലീസ് പ്രതിചേർത്ത ഹോട്ടൽ ഉടമ അടക്കമുള്ള മൂന്ന് പ്രതികളും ഒളിവിലാണ്.