കോഴിക്കോട്: ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.കെ. ബിജുവിനെ ഒരു കാര്യവുമില്ലാതെ ഇഡി വിളിച്ചു. രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരുത്തിച്ചു. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നു. അത് ഇവിടെ നടക്കില്ലെന്നും റിയാസ് വ്യക്തമാക്കി.പല കോർപ്പറേറ്റ് കമ്പനികളെയും ആദ്യം ഇഡി പോയി കണ്ട് കേസെടുത്തു. പിന്നാലെ അവർ പോയി ബിജെപി നേതാക്കളുടെ കാൽക്കൽ സാഷ്ടാംഗം വീണ് ബോണ്ട് എടുത്തു. അപ്പോൾ ഇഡി കേസ് ആവിയായിപ്പോയെന്നും അദ്ദേഹം വിമർശിച്ചു.പേടിപ്പിച്ചാൽ ഇളകിപ്പോകുന്നവരല്ല കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും സർക്കാരും. ആ ഭീഷണി കോൺഗ്രസുകാരോടു മതി. കയ്യൂർ, കരിവള്ളൂർ സമര പോരാളികളുടെ പിൻമുറക്കാരാണ് ഇടതുപക്ഷക്കാരെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group