കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട്. വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലായിരിക്കും സംസ്‌കാരം. വൈകുന്നേരം നാലുവരെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
തന്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്നുവരെ എം.ടി നേരത്തെ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. അതനുസരിച്ചാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്.
ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച എം.ടിയുടെ ഭൗതികദേഹം കൊട്ടാരം റോഡിലെ വീട്ടിൽ എത്തിച്ചിരിക്കുകയാണ്. മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് വീട്ടിലേക്ക് പ്രവഹിക്കുന്നത്.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു എം.ടി. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയിൽ കഴിഞ്ഞ രണ്ടുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിരുന്നു. എന്നാൽ, കിഡ്‌നിയുടെയും ഹൃദയത്തിന്റെയും നില ബുധനാഴ്ച കൂടുതൽ ഗുരുതരാവസ്ഥയിലായി. തുടർന്ന് രാത്രിയോടെ ആരോഗ്യനില കൂടുതൽ മോശമാവുകയും മരിക്കുകയുമായിരുന്നു.