തിരുവനന്തപുരം: വിവാദ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന എം.ആർ അജിത്കുമാറിന് ഡി.ജി.പി റാങ്ക് നൽകിയത് രാഷ്ട്രീയമായി ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരികളല്ലെന്നും ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും സർവീസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് എം.ആർ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർ.എസ്.എസ് ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള വിഷയങ്ങളിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പോലീസ് ഉന്നത ഉദ്യോഗസ്ഥനാണ് അജിത്കുമാർ. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.