കോഴിക്കോട്: സമസ്തയിലെ സി.ഐ.സി-രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുശാവറ അംഗവും പണ്ഡിതനും ഗ്രന്ഥകാരനുമായ എം.പി മുസ്തഫൽ ഫൈസിക്കെതിരെ അച്ചടക്ക നടപടി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ള നേതൃത്വത്തിനെതിരായ നീക്കം ആരോപിച്ചാണ് മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണിപ്പോൾ സമസ്തയിൽ ഉള്ളതെന്നടതടക്കമുള്ള വിമർശമാണ് കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന എസ്.എം.എഫ് നവോത്ഥാന സമ്മേളന പരിപാടിയിൽ ഫൈസി ഉയർത്തിയത്. ഇത് നേതൃത്വത്തിനെതിരായ നീക്കമാണെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടി. സമസ്ത മുശാവറ അംഗീകരിച്ച സംഘടന അച്ചടക്കവും പെരുമാറ്റച്ചട്ടവുമെല്ലാം കാറ്റിൽ പറത്തി കാടുകയറിയ പ്രസംഗമാണ് മുസ്തഫൽ ഫൈസി നടത്തിയതെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. സമസ്തയുടെ നേതൃത്വത്തിന് യോഗ്യതയില്ലെന്നും രാഷ്ട്രീയ പാർട്ടിക്ക് വഴങ്ങാതെ നിലനിൽപ്പില്ലെന്നും അദ്ദേഹം വ്യംഗ്യമായി പറഞ്ഞതായും ഇവർ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ ശത്രുക്കൾ പോലും പറയാൻ മടിക്കുന്ന അറപ്പുളവാക്കുന്ന ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, ഫൈസിക്കെതിരായ നടപടിക്കെതിരെ മുശാവറയിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിക്കുകയുണ്ടായി. വിശദീകരണം തേടാതെ ഫൈസിക്കെതിരേ നടപടി പാടില്ലെന്നും ഇക്കാലമത്രയും സംഘടന പാലിച്ച ചട്ടം പാലിക്കണമെന്നുമായിരുന്നു ഇവരുടെ വാദം.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരേ ആരോപണം ഉയർത്തിയ മുക്കം ഉമർ ഫൈസിക്കെതിരെ പരാതി ഉയർന്നപ്പോൾ അദ്ദേഹത്തോട് മുശാവറ വിശദീകരണം തേടിയിരുന്നു. മുസ്തഫൽ ഫൈസിയോടും അത് വേണമെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ലെന്ന് ഇവർ പറഞ്ഞെങ്കിലും ഇത് തള്ളിയാണ് മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം.
മുശാവറ യോഗത്തിന് ശേഷം നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ നിന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ബഹാവദ്ദീൻ മുഹമ്മദ് നദ്‌വി, എം.സി മായിൻ ഹാജി, യു ഷാഫി ഹാജി തുടങ്ങിയ നേതാക്കൾ വിട്ടുനിന്നതായും വിവരമുണ്ട്.
യോഗത്തിൽ സാദിഖലി തങ്ങൾ മുഖ്യരക്ഷാധികാരിയും സയ്യിദ് ജിഫ്രി തങ്ങൾ ചെയർമാനും പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ജനറൽ കൺവീനറുമായുള്ള 10001അംഗ സംഘാടകസമിതി രൂപീകരിച്ചു.