കൊച്ചി– കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ഉപയോഗമല്ലെന്ന് കണ്ടെത്തിയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നടപടി. ആരോഗ്യ മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ രണ്ട് ദിവസമായി ചേര്‍ന്ന അവലോകന യോഗമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്. സംസ്ഥാനത്തെ പ്രാഥമിക കേന്ദ്രങ്ങള്‍ മുതൽ മെഡിക്കല്‍ കോളജുകള്‍ വരെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പിലെ ആസൂത്രണ വിഭാഗം കണക്കെടുപ്പ് നടത്തിയിരുന്നു. ഉപയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടും പ്രവര്‍ത്തനം തുടരുന്ന കെട്ടിടങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇവ ഉടന്‍ പൊളിച്ചു നീക്കും.
നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം ചെയ്യാത്ത കെട്ടിടങ്ങള്‍, പ്രവര്‍ത്തനം തുടങ്ങാത്ത കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ചു. ഉദ്ഘാടനം വൈകുന്നതിന്റെ കാരണങ്ങള്‍ അന്യേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം. കോവിഡ് കാലത്ത് 140 നിയോജക മണ്ഡലങ്ങളിലും ഒന്ന് വീതം ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കാന്‍ ഫണ്ട് നല്‍കിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായ ഇവയില്‍ പലതും ഉപയോഗിക്കാതെ കിടക്കുകയാണ്. ഇവ പനിബാധിതര്‍ക്കുള്ള ഒ.പി വിഭാഗം വാര്‍ഡുകളാക്കി മാറ്റും. ഗുരുതര ബലക്ഷയം കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളില്‍ പ്രവേശനം കര്‍ശനമായി തടയും. കെട്ടിട നിര്‍മാണത്തിന്റെ ചുമതലയുള്ള സുരക്ഷാ ഏജന്‍സികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും യോഗത്തിൽ തീരുമാനം.