തിരുവനന്തപുരം– സംസ്ഥാനത്ത് കാലവര്‍ഷം എത്തിയ ഉടനെയുണ്ടായ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. സാധാരണയിലും എട്ടു ദിവസം നേരത്തെയാണ് ഈ വര്‍ഷം മണ്‍സൂണ്‍ എത്തിയത്. ഇതിനു മുമ്പ് 2009ലും 2001ലുമാണ് സംസ്ഥാനത്ത് അവസാനമായി ഇത്രയും നേരത്തെ കാലവര്‍ഷമെത്തിയത്.
ഇന്നലെ രാത്രിയും ഇന്നുമുണ്ടായ മഴയിലാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളയമ്പലത്ത് രാജ്ഭവന് മുന്നില്‍ ഉള്‍പ്പെടെ പ്രധാന റോഡുകളിലെല്ലാം മരങ്ങള്‍ കടപുഴകി വീണു. തിരുവന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന് സമീപം മരം വീണു പരിക്കേറ്റ കൊല്ലം സ്വദേശി ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം ഈരാറ്റു പേട്ടയില്‍ വീടിനു മുകളില്‍ മരം വീണു കേടുപാടുകള്‍ പറ്റി. കണ്ണൂര്‍ പിണറായിയില്‍ തെങ്ങ് വീണ് ബൈക്ക് യാത്രികനു ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് ചെറുവാടിയില്‍ മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ കടപുഴകി നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീണു. നെയ്യാറ്റിന്‍ കരയിലും പുനലൂരിലും വീടിനു മുകളില്‍ മരം വീണു.
കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി. കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പയില്‍ ചെങ്കല്‍പണയില്‍ ലോറിയില്‍ കല്ലു കയറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കയറ്റിറക്ക് തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍ ബര്‍മന്‍ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ലോറി ഡ്രൈവര്‍ ജിതിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി, ട്രക്കിങ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ വെള്ളക്കെട്ടുകളിലോ പുഴയിലോ ഇറങ്ങരുതെന്നും അത്യാവിശ്യത്തിനല്ലാത യാത്ര ചെയ്യരുതെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.