തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് അതിക്രമം കാണിച്ച കേസിൽ വടകര സ്വദേശി സവാദിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2023-ൽ നെടുമ്പാശേരിയിലും സമാനമായ കേസിൽ ഇയാളെ പോലീസ് പിടികൂടിയിരുന്നു. സമാനമായ സംഭവമാണ് ഇത്തവണയും ഉണ്ടായത്. ഇക്കഴിഞ്ഞ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. മലപ്പുറത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലായിരുന്നു അതിക്രമം. ബസ് തൃശൂരില്‍ എത്തിയതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സവാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
2023-ൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകുകയും ചെയ്തു. ഇത് ഏറെ വിവാദമായിരുന്നു. പുരുഷ പീഡനമാണ് നടക്കുന്നതെന്നും അതിന്റെ ഇരയാണ് സവാദ് എന്നും ചൂണ്ടിക്കാട്ടിയാണ് സവാദിന് അന്ന് സ്വീകരണം നൽകിയത്. ജയിലിന് പുറത്ത് പൂമാലയിട്ടായിരുന്നു സ്വീകരണം.



