കൽപ്പറ്റ- വയനാട് ദുരന്തത്തിൽ കേരളത്തിന് സമ്പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദുരന്തത്തിൽ കേരളം ഒറ്റയ്ക്കല്ലെന്നും കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്നും അവലോകന യോഗത്തിൽ മോഡി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നിവേദനം ലഭിച്ചാലുടൻ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും പണത്തിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്നും അവലോകന യോഗത്തിന് ശേഷം മോഡി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദുരന്തബാധിതർ ഒറ്റക്കല്ല. അവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരും. ചൂരല്‍മല മുണ്ടക്കൈ പാലത്തിനടുത്തുവെച്ച് രക്ഷാപ്രവര്‍ത്തകരുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും മോഡി സംസാരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദർശിച്ച ശേഷം വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.
ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ദുരിതം വിതച്ച ചൂരൽമലയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തി. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷമാണ് മോഡി ചൂരൽമലയിലേക്ക് തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പന്ത്രണ്ടു കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചാണ് മോഡി ചൂരൽമലയിൽ എത്തിയത്. ദുരിതാശ്വാസത്തിന് രണ്ടായിരം കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. സമഗ്രമായ ദുരിതാശ്വാസ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്.
ദുരിതബാധിതരെ കാണുന്നതിനും ആശ്വാസം ചൊരിയുന്നതിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വയനാട്ടിലെത്തിയത്. കണ്ണൂർ വിമാനതാവളത്തിൽനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയ മോഡിയെ ജനപ്രതിനിധികൾ സ്വീകരിച്ചു.