കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തീരുമാനം. മൃതദേഹം പള്ളിയിൽ അടക്കണമെന്ന് ഇളയ മകൾ തർക്കമുന്നയിച്ചതിന് പിന്നാലെ, ഹൈക്കോടതി നിർദേശപ്രകാരം ചേർന്ന കളമശ്ശേരി മെഡിക്കൽ കോളജ് ഉപദേശക സമിതിയുടെ ഹിയറിങ്ങിലാണ് തീരുമാനമായത്.
മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കുമെന്നും അനാട്ടമി ആക്ട് അനുസരിച്ചാണ് അനുമതി പത്രമെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാൻ അനാട്ടമി വിഭാഗത്തിന് കൈമാറും. വൈദ്യപഠനത്തിനായി മൃതദേഹം വിട്ടുനൽകണമെന്ന് എം.എം ലോറൻസ് വാക്കാൽ നിർദേശിച്ചിരുന്നു. ഇതിന് വിശ്വാസയോഗ്യമായ സാക്ഷിമൊഴികളുണ്ടെന്നും സമിതി വിലയിരുത്തി. ഇതിന് സാക്ഷികളായ രണ്ടുമക്കൾ ഇന്ന് കമ്മിറ്റി മുമ്പാകെ ഹാജരായെന്നും സമിതി അധ്യക്ഷനായ പ്രിൻസിപ്പൽ വ്യക്തമാക്കി.
ബുധനാഴ്ച പ്രിൻസിപ്പൽ ഡോ. എം.എസ് പ്രതാപ് സോംനാഥ് അധ്യക്ഷനായ സമിതി നടത്തിയ ഹിയറിങിൽ മക്കളായ അഡ്വ. എം.എൽ സജീവൻ, സുജാത ബോബൻ, ആശ എന്നിവരും മറ്റ് രണ്ട് ബന്ധുക്കളും മൊഴി നൽകി. ഇത് പരിശോധിച്ച ശേഷം രാത്രി ഒമ്പതോടെയാണ് പ്രിൻസിപ്പലിന് പുറമെ സൂപ്രണ്ട്, ഫൊറൻസിക്, അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ട സമിതി തീരുമാനം പ്രഖ്യാപിച്ചത്.
എന്നാൽ, ഹിയറിങ്ങിന് സമയത്തുതന്നെ എത്തിയെങ്കിലും മണിക്കൂറുകൾ വൈകിയാണ് തന്നെ വിളിച്ചതെന്നും, മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന മറ്റുള്ളവരുടെ തീരുമാനം തന്റെ മേൽ അടിച്ചേൽപ്പിക്കാനാണ് പ്രിൻസപ്പിലിൽനിന്ന് ശ്രമമുണ്ടായതെന്നും മകൾ ആശ ആരോപിച്ചു.
അതിനിടെ, ഹിയറിങ്ങിനിടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തെ ഭീഷണിപ്പെടുത്തിയ ഒരു അഭിഭാഷകനെതിരെ പ്രിൻസിപ്പലിന്റെ പരാതിയിൽ കേസെടുത്തതായി പോലീസ് പറഞ്ഞു. ലോറൻസിന്റെ മകൾ ആശയ്ക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ ആർ കൃഷ്ണരാജ് ഫോണിലൂടെ വധഭീഷണി മുഴക്കുകയായിരുന്നു.
ലോറൻസിന്റെ മക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നതിനിടെയാണ് ഫോൺ വന്നത്. ആശയ്‌ക്കൊപ്പമെത്തിയ കൃഷ്ണരാജിന്റെ ജൂനിയർ അഭിഭാഷക ലക്ഷ്മിപ്രിയയുടെ ഫോണിലേക്കായിരുന്നു കോൾ. അവർ ലൗഡ് സ്പീക്കറിലിട്ട് കൃഷ്ണരാജിന്റെ സംസാരം ഡോക്ടർമാരെ കേൾപ്പിക്കുകയായിരുന്നു. തങ്ങൾക്ക് അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് പ്രിൻസിപ്പൽ പോലീസിന് മൊഴി നൽകി.
ശനിയാഴ്ച ഉച്ചയ്ക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഇടതു മുന്നണി മുൻ കൺവീനറും മുൻ എം.പിയുമായ എം.എം ലോറൻസിന്റെ അന്ത്യം. തിങ്കളാഴ്ച എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനായിരുന്നു തീരുമാനമെങ്കിലും മകൾ ആശ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി തീരുമാനം അനുസരിച്ച് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശമനുസരിച്ച് ഇന്ന് മക്കളെയെല്ലാം വിളിച്ചു നടത്തിയ ഹിയറിങ്ങിന് പിന്നാലെയാണ് കോടതി നിർദേശം പാലിച്ച് തീരുമാനം എടുത്തതെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.