പത്തനംതിട്ട– കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍ ബലമായി മോചിപ്പിച്ചു. ആനക്ക് ഷോക്കടിച്ച സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ എം.എല്‍.എ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കള്ളക്കേസെടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ, നീയൊക്കെ മനുഷ്യനാണോ ? എവിടെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ട്? എം.എല്‍.എ ഉദ്യോഗസ്ഥരോട് ചോദിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വനം മന്ത്രി അന്യേഷണത്തിന് ഉത്തരവിട്ടിരുന്നു. കോന്നി ഡി.വൈ.എസ്.പിയെയും കൂട്ടിയാണ് എം.എല്‍.എ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്‌സലുകള്‍ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.
ആനക്ക് എങ്ങനെയാണ് ഷോക്കേറ്റതെന്ന് വനം വകുപ്പ് പരിശോധിച്ചു വരികയാണ്. സ്ഥല ഉടമക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഈ സ്ഥലം വേറൊരാള്‍ക്ക് കൈതച്ചക്ക കൃഷി ചെയ്യാന്‍ പാട്ടത്തിനു നല്‍കിയിരുന്നു. സ്ഥലം വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മണ്ണ്മാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്.