കോഴിക്കോട്: തിരുവമ്പാടിയിൽനിന്നും സ്കൂളിലേക്ക് പോയി കാണാതായ പെൺകുട്ടിയെ നാട്ടിലെത്തിച്ചതിനു പിന്നാലെ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു.
തിരുവമ്പാടി സ്വദേശി ബഷീർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ 14-കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ് അന്വേഷിച്ച മുക്കം പോലീസിന്റെ കണ്ടെത്തൽ. കേസിൽ മൊഴിയെടുക്കവെയാണ് പീഡന വിവരം പുറത്തായത്.
കാണാതായ കുട്ടിയെ ഇന്നലെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ ഒരു സഹോദരന്റെ സുഹൃത്താണ് പ്രണയം നടിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നത്. സംഭവത്തിൽ ഇടുക്കി പീരുമേട് സ്വദേശി അജയ് (23) റിമാൻഡിലാണ്.
എട്ടു ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. ഡാൻസ് ക്ലാസിനായി സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി തിരിച്ചുവരാതിരുന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെ മൊബൈൽ ഫോൺ കുട്ടിയുടെ കൈവശമുണ്ടായിരുന്നു. ഇതിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പാലക്കാട്ടുണ്ടെന്ന് മനസ്സിലായത്. തുടർന്ന് റെയിൽവേ പോലീസ് കോയമ്പത്തൂരിൽ വച്ച് കണ്ടെത്തി മുക്കം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെയാണ് മുക്കം പോലീസ് കുട്ടിയെ നാട്ടിലെത്തിച്ചത്.