കോഴിക്കോട്- മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിന് മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി (മിഷ്) നടത്തുന്ന പ്രവർത്തനങ്ങൾ കാലഘട്ടത്തിന് ആവശ്യമായതാണെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. ഈ സന്ദേശം ഇവിടെനിന്ന് മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തൊട്ടാകെയും വ്യാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആർച്ച് ബിഷപ്പ് പദവിയിലേക്കുയർത്തപ്പെട്ട, മിഷിൻ്റെ കാര്യദർശി ഡോ. വർഗീസ് ചക്കാലക്കലിന് സ്നേഹാദരവ് സമർപ്പിക്കാനെത്തിയ മിഷ് പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഷ് അംഗവും പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ, മിഷ് ട്രഷറർ ഷെവലിയാർ സി.ഇ ചാക്കുണ്ണി, കോ – ഓർഡിനേറ്റർ മുസ്തഫ മുഹമ്മദ് എന്നിവർ സ്നേഹാദരവ് സമർപ്പിച്ചു. വൈസ് ചെയർമാൻ നസീർ ഹുസൈൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സി.എ. ആലിക്കോയ, എ.വി. ഫർദിസ്, നാസിയ ഹാനി, യൂത്ത് വിംഗ് കൺവീനർ ഹാനി മുസ്തഫ എന്നിവർ സംസാരിച്ചു.