ആലപ്പുഴ– സംഘപരിവാർ അനുകൂല തീവ്ര ക്രിസ്‌ത്യൻ സംഘടനയായ കാസ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ആർ.എസ്.എസിൻ്റെ പിന്തുണയോടെയാണ് കാസ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി.
പുന്നപ്ര വയലാർ സമഭൂമിയിൽ പി.കെ. ചന്ദ്രാനന്ദൻ്റെ 11-ാം ചരമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസ വർഗീയവും മുസ്‌ലിം വിരുദ്ധവുമായ സംഘടനയാണെന്നും അത്തരം വർഗീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ക്രൈസ്തവ വിഭാഗം ഇവിടെ ന്യൂനപക്ഷമാണ്. തനി വർഗീയമായി പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു സംഘടന ഇപ്പോൾ അവർക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. അത് കാസയാണെന്നും, തനി മുസ്ലിം വിരുദ്ധമായ പ്രചരണമാണ് അവർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാസയുടെ രാഷ്ട്രീയം, ന്യൂനപക്ഷ വിഭാഗങ്ങൾക്കിയിൽ ഭിന്നിപ്പുണ്ടാക്കലാണ്. ഇവരെല്ലാവരും കൂടി കേരളത്തെ വിഴുങ്ങും. അതിന് എല്ലാ പിന്തുണയും സതീശനും പാർട്ടിയും നൽകുന്നുണ്ട്’ മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കേരളത്തിൽ വലിയ തോതിൽ ഭിന്നിപ്പിൻ്റെ രാഷ്ട്രീയം വളരുന്നുണ്ടെന്നും സുംബ ഡാൻസിന്റെ പേരിലും ജാനകി സിനിമയുടെ പേരിലുമെല്ലാം ഇത്തരം വിഭാഗീയ പ്രചരണങ്ങൾ കേരളത്തിൽ വളരുകയാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. ഇതിന് പിന്തുണ നൽകുന്ന സമീപനമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ വാദികൾ എന്ത് വൃത്തികേട് പറഞ്ഞാലും ആ വർഗീയ വാദികളുടെ പിന്തുണ ഉറപ്പാക്കാൻ കേരളത്തിലെ പ്തപക്ഷം ആ വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ വിമർശിക്കുകയുണ്ടായി.