തിരുവനന്തപുരം– ദേശീയപാതയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രതികരണമറിയിച്ചത്. വാര്‍ത്ത അറിഞ്ഞ ഉടനെ ദേശീയപാത അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു. പത്രസമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ദേശീയപാത അതോറിറ്റിയുടെ ടെക്‌നിക്കല്‍ ടീം ഫീല്‍ഡില്‍ പരിശോധന നടത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് മറ്റു കാര്യങ്ങള്‍ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം കൂരിയാടും, കാസര്‍ഗോഡ് കാഞ്ഞങ്ങാട്, കണ്ണൂരുമായി എന്നിങ്ങനെ നിരവധി ജില്ലകളിൽ ദേശീയ പാതയില്‍ മണ്ണിടിച്ചലും വിള്ളലുകളും വര്‍ധിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ദേശീയപാത ഇടിഞ്ഞതില്‍ ആശങ്ക പ്രകടിപ്പിച്ച് വിവിധ പ്രദേശങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കുപ്പത്ത് ദേശീയപാത നിര്‍മാണ മേഖലയില്‍ മണ്ണിടിയുന്നതിനും മണ്ണും ചെളിയും വീടുകളിലേക്ക് ഒഴുകിയെത്തുന്നതിലും പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ പങ്കെടുത്ത പ്രതിഷേധത്തില്‍ ആര്‍.ഡി.ഒ രഞ്ജിത് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയശേഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.