കൊല്ലം– തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണത്തെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിട്ട് മന്ത്രി ചിഞ്ചുറാണി. സ്‌കൂളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മിതിക്കുകയായിരുന്നു. തൃപ്പൂണിത്തറയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളന വേദിയിലാണ് മിഥുന്റെ മരണത്തെ ലഘൂകരിച്ച് മന്ത്രി സംസാരിച്ചത്. ഇന്നലത്തെ പരാമര്‍ശം വേണ്ടിയിരുന്നില്ല, പെട്ടെന്ന് പറഞ്ഞപ്പോള്‍ വാക്കുകള്‍ മാറിപ്പോയതാണെന്ന് ചിഞ്ചുറാണി മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വന്തം ജില്ലയിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത് അറിഞ്ഞിട്ടും മന്ത്രി ചിഞ്ചുറാണി സൂംബാ ഡാന്‍സ് കളിക്കുകയാണെന്ന വിമര്‍ശനം ശക്തമായിരുന്നു. പ്രസംഗത്തിനിടയില്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന പരാമര്‍ശവും വിവാദത്തിനിടയാക്കി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമുള്‍പ്പെടെ നിരവധി നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. ചിഞ്ചുറാണിയുടെ വാക്കുകള്‍ അവമതിപ്പ് ഉണ്ടാക്കിയെന്ന വികാരം പാര്‍ട്ടിക്കുള്ളിലും ശക്തമാണെന്നാണ് സൂചന. ഇതിനിടയിലാണ് ഇന്ന് മന്ത്രി മിഥുന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചത്.