കൊച്ചി- കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ലെന്നും മാങ്ങ ആയിരുന്നുവെന്നും ഗായകൻ എം.ജി ശ്രീകുമാർ. കൊച്ചിയിൽ വീട്ടിന് മുന്നിലെ കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ 25000 രൂപ പിഴ അടക്കിയ സംഭവത്തിലാണ് എം.ജി ശ്രീകുമാറിന്റെ വിശദീകരണം. വീടിന് മുന്നിലെ മാവിൽനിന്ന് അണ്ണാൻ കടിച്ച മാങ്ങ താഴെ വീണു ചിതറിയിരുന്നു. അത് കടലാസിൽ പൊതിഞ്ഞ് കായലിലേക്ക് വീട്ടിലെ തൊഴിലാളിയാണ് വലിച്ചെറിഞ്ഞത്. അറിയാതെ ചെയ്തതാണ്. ഇത് വലിച്ചെറിയുന്നത് ആരോ വീഡിയോയിൽ പകർത്തി അയച്ചതാണ്.
ഒരു മാങ്ങാ അണ്ടിക്ക് 25000 രൂപ പിഴ ഒടുക്കുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. തന്റെ വീട്ടിൽ ഒരു തരത്തിലുള്ള മാലിന്യവുമില്ല. കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ല, മാങ്ങയാണെന്ന് തെളിയിക്കാനും തയ്യാറാണ്.
എന്തായാലും ചെയ്തത് തെറ്റാണ്. എന്നാൽ ഒരു മാങ്ങാ അണ്ടിക്ക് 25000 രൂപ ഈടാക്കുന്നുണ്ടെങ്കിൽ കൊച്ചിയിലെ ആശുപത്രികളിൽനിന്നും ഹോട്ടലുകളിൽനിന്നും ഒഴുകുന്ന ടൺ കണക്കിന് മാലിന്യം അധികൃതർ കാണുന്നില്ലേ എന്നും ശ്രീകുമാർ ചോദിച്ചു. മാലിന്യ മുക്ത കേരളത്തിന് വേണ്ടി ഉടൻ പാട്ട് ഇറക്കുമെന്നും തെറ്റ് സമ്മതിക്കുന്നുവെന്നും ശ്രീകുമാർ പറഞ്ഞു.