ജനകീയതയായിരുന്നു മമ്മുണ്ണി ഹാജിയുടെ വേഷം. എല്ലാ ഉടുപ്പുകൾക്കും മീതെ മമ്മുണ്ണി ഹാജി കൊണ്ടോട്ടിയിലെ മുഴുവൻ ജനങ്ങളുടെയും വികാരമായി മാറിയത് അതിവേഗമായിരുന്നു. 2006-ൽ കൊണ്ടോട്ടിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കാനെത്തുമ്പോൾ മമ്മുണ്ണി ഹാജിയോ എന്ന് പലരും സംശയം ഉന്നയിച്ചു. ഇത്രയും സാധാരണക്കാരനായ ഒരാൾക്ക് എങ്ങിനെയാണ് നിയമസഭയിൽ ശോഭിക്കാനാകുക എന്ന് ചിലരെങ്കിലും ചോദിച്ചു. എന്നാൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഹൃദയത്തിൽ മമ്മുണ്ണി ഹാജിക്ക് സ്ഥാനമുണ്ടായിരുന്നു. തങ്ങളുടെ നിർദ്ദേശത്തിൽ കൊണ്ടോട്ടിയിൽ സ്ഥാനാർത്ഥിയായി മമ്മുണ്ണി ഹാജി എത്തി. ആ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം മുസ്ലീം ലീഗ് സ്ഥാനാർത്ഥികളിൽ പലരും തോറ്റിരുന്നു. മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ കൊണ്ടോട്ടിയിൽനിന്ന് മമ്മുണ്ണി ഹാജി വിജയിച്ചു.
പിന്നീട് ജനങ്ങൾക്കൊപ്പം തന്നെയായിരുന്നു മമ്മുണ്ണി ഹാജി. വികസനത്തിന്റെ രാജപാതയാണ് കൊണ്ടോട്ടിക്കാർക്കായി മമ്മുണ്ണി ഹാജി തുറന്നുവെച്ചത്. നിരവധി പുതിയ റോഡുകൾ, ജലസേചന പദ്ധതികൾ എല്ലാം മമ്മുണ്ണി ഹാജി മണ്ഡലത്തിലേക്ക് കൊണ്ടുവന്നു. വി.എസ് അച്യുതാനന്ദനായിരുന്നു മമ്മുണ്ണി ഹാജി എം.എൽ.എ ആയിരിക്കേ കേരളത്തിന്റെ മുഖ്യമന്ത്രി.
തന്റെ ആവശ്യങ്ങൾ പറയാൻ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ ഒരു മടിയുമില്ലാതെ മമ്മുണ്ണി ഹാജി കയറിയിറങ്ങി. ഒരു സാധാരണക്കാരൻ കാണാൻ വന്നിരിക്കുന്നുവെന്ന പരിഗണനയിൽ ഉദ്യോഗസ്ഥർ മമ്മുണ്ണി ഹാജിയെ ആവോളം പരിഗണിച്ചു.
ഉദ്യോഗസ്ഥരുടെ മേശക്ക് മുന്നിൽ ഒരു മടുപ്പുമില്ലാതെ മമ്മുണ്ണി ഹാജി മണിക്കൂറുകളോളം ഇരുന്നു. തന്റെ ആവശ്യം പരിഗണിക്കുന്നത് വരെ ഉദ്യോഗസ്ഥരോട് സംസാരിച്ചുകൊണ്ടേയിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ തീർപ്പുണ്ടാകുന്നത് വരെ മമ്മുണ്ണി ഹാജി എഴുന്നേറ്റുപോകില്ല. ഇക്കാര്യം ഒരിക്കൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി അനുസ്മരിച്ച കാര്യം സി.പി.എം സഹയാത്രികനായ ഡോ. കെ.ടി ജലീൽ ഓർത്തെടുക്കുന്നുണ്ട്.
“ജലീലേ, നിങ്ങളുടെ ജില്ലയിൽ നിന്നുള്ള മമ്മുണ്ണി ഹാജിയെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ല. മണ്ഡലത്തിലെ ഏതെങ്കിലും ഒരു കാര്യവുമായി എല്ലാ ആഴ്ചയിലും അദ്ദേഹം വരും. ചില ദിവസങ്ങളിൽ മൂന്നു തവണയെങ്കിലും എന്നെ വന്നു കാണും. രാവിലെ ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് വീട്ടിലെത്തും. അതുകഴിഞ്ഞ് ഉച്ചയാകുമ്പോൾ ഓഫീസിലെത്തും. വൈകുന്നേരം ഓഫീസിലെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോൾ മമ്മുണ്ണി ഹാജി അവിടെ എന്നെ കാത്തിരിപ്പുണ്ടാകും. തന്റെ ആവശ്യം അംഗീകരിച്ചുള്ള ഉത്തരവ് കിട്ടിയാലല്ലാതെ പിൻമാറില്ല. ഇങ്ങനെ ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല.
കൊണ്ടോട്ടിയുടെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും പച്ച നിറത്തിലുള്ള ക്വാളിസ് വാഹനത്തിലൂടെ മമ്മുണ്ണി ഹാജി സദാസമയവും സഞ്ചരിച്ചുകൊണ്ടിരുന്നു. 3003 എന്ന നമ്പറുള്ള പച്ച ക്വാളിസിൽ എം.എൽ.എ ബോർഡുണ്ടായിരുന്നില്ല. പക്ഷെ, കാണുന്നവർക്കറിയാം അത് മമ്മുണ്ണി ഹാജിയുടെ വാഹനമാണെന്ന്. വാഹനത്തിന് മുന്നിൽ എം.എൽ.എ ബോർഡ് വെക്കണമെന്ന് പലരും പറഞ്ഞെങ്കിലും മമ്മുണ്ണി ഹാജി അതിന് തയ്യാറായിരുന്നില്ല. പിന്നീട് ജില്ല വിടുമ്പോൾ മാത്രമാണ് എം.എൽ.എ ബോർഡ് വെക്കാറുണ്ടായിരുന്നത്. തിരിച്ച് എത്തിയാൽ ഉടൻ ബോർഡ് മാറ്റിവെക്കും.
സാധാരണക്കാർക്കുള്ള സ്ലീപ്പർ ക്ലാസിൽ മാത്രമായിരുന്നു മമ്മുണ്ണി ഹാജിയുടെ യാത്ര. എം.എൽ.എ ആയിരിക്കെ ഒരിക്കലും വിമാനയാത്രയും നടത്തിയില്ല. മൂന്നു തവണകളിലായി ഒൻപതു വർഷം ഹജ് കമ്മിറ്റി അംഗമായെങ്കിലും ഒരിക്കൽപോലും യാത്രാബത്ത കൈപ്പറ്റിയിട്ടുമില്ല.
കൊണ്ടോട്ടിയുടെ പച്ച ഞരമ്പിലെ ഒരിക്കലും വറ്റാത്ത ഓർമ്മയായി നാട്ടുകാരുടെ മമ്മുണ്യാജി ഇനിയുമുണ്ടാകും.