തിരുവനന്തപുരം– കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മകന്റെ വിദ്യാഭ്യാസ യോഗ്യതക്കുള്ള അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക. അപകടമുണ്ടായ ദിവസത്തെ മന്ത്രിമാരുടെ ഇടപെടലും ആരോഗ്യ മേഖലകളിലെ വീഴ്ചകളും വ്യാപകമായി വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് സര്‍ക്കാര്‍ സഹായ പ്രഖ്യാപനം. ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി ധനസഹായം മുഖ്യമന്ത്രി അറിയിക്കുമെന്നായിരുന്നു പ്രതികരിച്ചത്.
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു(56) മരിച്ചത്. സംഭവ സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍ വാസവനും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. അധികൃതരുടെ അനാസ്ഥ കാരണം അപകടമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരച്ചില്‍ തുടങ്ങിയത്. മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ഒരു മണിയോടെയാണ് ബിന്ദുവിനെ കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെ 11,14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന പഴയ കെട്ടിടമാണ് ഇടിഞ്ഞുവീണത്. ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെ വന്നില്ലെന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.