തൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദനമേറ്റു. ഇടുക്കിയിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ, വാഹനത്തിൽ പിന്തുടർന്നെത്തിയ മൂന്നംഗ സംഘം ഷാജനെ ആക്രമിക്കുകയായിരുന്നു. തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് സംഭവം നടന്നത്.
മർദനത്തിൽ ഷാജന്റെ മൂക്കിന് പരിക്കേറ്റു. വൈകിട്ട് വിവാഹച്ചടങ്ങിന് ശേഷം മടങ്ങുമ്പോൾ, സംഘം ഷാജന്റെ വാഹനം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഷാജനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തയുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുള്ള പ്രകോപനവുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഷാജൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ പറഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും കേസ് അന്വേഷിക്കുമെന്നും തൊടുപുഴ പൊലീസ് അറിയിച്ചു.