പൊന്നാനി- കുണ്ടും കുഴികളും നിറഞ്ഞ പൊന്നാനിയിലെ റോഡുകൾ ഉടൻ അറ്റകുറ്റ പണി നടത്തി ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികൾ ബഹുജന മാർച്ച് നടത്തി. ഒരു വിദ്യാർത്ഥിയുടെ മരണത്തിന് വരെ ഇടയാക്കിയ റോഡിലെ കുണ്ടും കുഴികളും നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മാസങ്ങളോളമായി റോഡുകളുടെ ശോചനീയാവസ്ഥ തുടരുകയാണ്.
അമൃത ശുദ്ധജല പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചതും അല്ലാത്തതുമായ കുണ്ടിലും കുഴികളിലും അറ്റകുറ്റപണി നടത്തണമെന്ന് സ്ഥലം എം.എൽ.എയും നഗരസഭ ചെയർമാനും ആവശ്യപ്പെട്ടു. എങ്കിലും റോഡുകൾ ഇപ്പോഴും പഴയ പടി തന്നെയാണ്. ജംഗ്ഷൻ മുതൽ ബസ് സ്റ്റാന്റ് മൂന്ന് – നാല് കിലോമീറ്ററുകളിൽ ഉടനീളം ഇത് തന്നെയാണ് അവസ്ഥ.
റോഡുകൾ അടിയന്തിരമായി നന്നാക്കണം എന്നാവശ്യപ്പെട്ട് പൊന്നാനി ചേംബർ ഓഫ് കൊമേഴ്‌സിന്റെ കീഴിൽ വ്യാപാരി വ്യവസായികൾ കഴിഞ്ഞ ദിവസം ബഹുജന മാർച്ചും ഉപരോധ സമരവും നടത്തി. വണ്ടിപ്പേട്ടയിൽ നിന്നാരംഭിക്കുകയും ചന്തപ്പടിയിൽ റോഡ് ഉപരോധത്തോടെ അവസാനിക്കുകയും ചെയ്ത റാലിയിലും സമരത്തിലും നൂറ് കണക്കിന് പേർ പങ്കെടുത്തു.
യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്‌ഘാടനം ചെയ്തു, ചേംബർ വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഈഴുവത്തിരുത്തി പ്രസിഡണ്ട് അഡ്വ. അബ്ദുൽ ജബ്ബാർ, സോമസുന്ദരൻ, വനിതാ വിംഗ് പ്രസിഡന്റ് അസ്‌മ റഷീദ് തുടങ്ങിയവർ സംസാരിച്ചു. ടി വി സുബൈർ സ്വാഗതവും ടി പി ഒ മുജീബ് നന്ദിയും പറഞ്ഞു.