കൊല്ലം: കരുനാഗപ്പള്ളി അഴിക്കലില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം കൂടെ താമസിച്ചിരുന്ന യുവാവ് ജീവനൊടുക്കി. പാല സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ ഷൈജമോള്‍ (41) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിസ തട്ടിപ്പ് കേസില്‍ പ്രതിയാണ് ഷിബു. ഈ കേസില്‍ ഇരുവരും ജയിലിലായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം ഷിബു മറ്റൊരിടത്തായിരുന്നു താമസം. ശനിയാഴ്ച വൈകീട്ട് ഇയാള്‍ ഷൈജയുടെ വീട്ടില്‍ തിരിച്ചെത്തുകയും വാഗ്വാദമുണ്ടാക്കുകയുമായിരുന്നു. ഈ സമയം ഷൈജയുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഷിബു ഷൈജയുടെ തലയിലൂടെ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. മാതാപിതാക്കല്‍ ബഹളംവച്ചതോടെ ഷിബു സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി ഇരുവരേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയിലെത്തും മുമ്പ് ഷിബു മരിച്ചിരുന്നു. ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച ഷൈജ ഏതാനും വര്‍ഷമായി ഷിബുവിനൊപ്പമായിരുന്നു താമസം. വിസ തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് ഇരുവരും അകന്നത്. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.