കൊച്ചി- കൊച്ചിയിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തേവര സ്വദേശി മനോജ് ഉണ്ണി(27) യാണ് മരിച്ചത്. വളഞ്ഞമ്പലത്ത് പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇന്നലെയാണ് പ്രധാനമന്ത്രി നേവൽ ബേസിൽ നിന്ന് എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയത്.
റോഡിന് കുറുകെ വടം കെട്ടിയാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. പനമ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്നു മനോജ് ഉണ്ണി. പോലീസ് കൈ കാണിച്ചെങ്കിലും മനോജ് വാഹനം നിർത്താതെയാണ് വടത്തിൽ കുടുങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. കൊച്ചി കോർപ്പറേഷനിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയാണ്. പിതാവിന് അസുഖം ബാധിച്ചതോടെയാണ് മനോജ് ഇവിടെ ജോലിക്ക് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group