കണ്ണൂര്‍ – അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം ) കവര്‍ന്ന കേസില്‍ കണ്ണൂര്‍ സ്വദേശിയെ അബുദാബി പോലീസ് അറസ്റ്റ് ചെയതു. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെയാണ് പിടികൂടിയത്.
മാര്‍ച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍ നിന്ന് ആറു ലക്ഷം ദിര്‍ഹത്തിന്റെ കുറവ് കണ്ടെത്തി. തുടര്‍ന്ന് ലുലു മാനേജ്മെന്റ് അബുദാബി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും ഇയാള്‍ക്കൊപ്പം അബുദാബിയില്‍ താമസിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group