മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത പോത്തുകല്ല് ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിലുണ്ടായ സ്‌ഫോടനത്തിൽ സുപ്രധാന പ്രതികരണവുമായി ജില്ലാ കലക്ടർ വി.ആർ വിനോദ്.
സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നും ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതിൽ ഉണ്ടാവാനുളള സാധ്യത തള്ളിക്കളായാനാവില്ലന്നും സംഭവ സ്ഥലം സന്ദർശിച്ച ശേഷം കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
ജിയോളജി, ഭൂജല വിദഗ്ധരുടെ നേതൃത്വത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധന നടത്തും. ആവശ്യമെങ്കിൽ ഭൂമികുലുക്ക മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് സ്ഥാപിക്കും. നിലവിൽ പ്രദേശത്തു നിന്ന് ജനങ്ങൾ താമസം മാറേണ്ട സാഹചര്യമില്ലന്നും കലക്ടർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം രാത്രിയാണ് ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽനിന്ന് മുഴക്കമുണ്ടായത്. രാത്രി 9.30നും പിന്നീട് ഒന്നേകാൽ മണിക്കുറിനുശേഷം വീണ്ടും ഭൂമിക്കടിയിൽനിന്ന് ശബ്ദുമുണ്ടാകുകയായിരുന്നു. ഇതോടെ ജനങ്ങളെല്ലാം വീട് വിട്ട് പരിഭ്രാന്തരായി പുറത്ത് ഇറങ്ങുകയായിരുന്നു. സംഭവത്തിൽ രണ്ട് വീടുകൾക്കും മുറ്റത്തിനും വിള്ളലുണ്ടായി. തുടർന്ന് പ്രദേശവാസികളെ സ്ഥലത്ത് നിന്ന് മാറ്റിപ്പാർപ്പിക്കുകയായിരുന്നു.