കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്.എൻ. ജങ്ഷൻ സ്റ്റേഷനുകൾക്കിടയിലെ റെയിൽപ്പാലത്തിന്റെ എമർജൻസി വാക്‌വേയിൽനിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശ്ശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ (32) ആണ് മരിച്ചത്.
വടക്കേക്കോട്ട സ്റ്റേഷനിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച നിസാർ, തുടർന്ന് എമർജൻസി വാക്‌വേയിലേക്ക് ഓടിക്കയറി. ഇത് കണ്ട മെട്രോ ജീവനക്കാർ ഉടൻ വൈദ്യുതി വിച്ഛേദിക്കുകയും ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി നിസാറിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നിസാറിനെ സുരക്ഷിതമായി പിടിക്കാൻ അഗ്നിശമന സേന വലയും മറ്റ് ഉപകരണങ്ങളും സജ്ജമാക്കിയിരുന്നു. എന്നാൽ, ഇതിനിടെ നിസാർ റോഡിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിസാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും കൈകാലുകൾക്കും സാരമായ പരിക്കുകൾ ഏറ്റതായി പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
നിസാർ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് താൽക്കാലികമായി തടസ്സപ്പെട്ട മെട്രോ സർവീസുകൾ പരിശോധനകൾക്ക് ശേഷം പുനരാരംഭിച്ചു.