മലപ്പുറം: മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ കോഴിക്കോട് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ഉപഡയറക്ടറുടെഓഫീസിലേക്ക് നടന്ന എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം. മതില് ചാടികടന്ന് അകത്തെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
പോലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
മലപ്പുറത്തും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് എംസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്കിയ 32,366 കുട്ടികള്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്.
ഈ സാഹചര്യത്തിലാണ് കെഎസ്യുവും എംഎസ്എഫും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധം തുടരുന്നത്. കോഴിക്കോട് ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.