പത്തനംതിട്ട– കോന്നിയിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളില്‍ കൂറ്റന്‍ കല്ലുകള്‍ ഇടിഞ്ഞുവീണ് അപകടം. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും ഇവിടെ എത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാന്‍ സാധിച്ചിട്ടില്ല. അവിടേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. മുന്‍ പഞ്ചായത്ത് അംഗം ബി.ജി വര്‍ഗീസ് കോന്നി പഞ്ചായത്തില്‍ പാറമടക്കെതിരെ ഇതിനു മുന്‍പ് പരാതി നല്‍കിയിരുന്നു. 120 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന പാറമടയുടെ ലൈസന്‍സ് ഇക്കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ചതാണ്.