തിരുവനന്തപുരം – കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം. വ്യാഴായ്ച രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം.
നടുറോഡിൽ കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനത്തിനു മുന്നിൽ കയറി നിൽക്കുകയും ബോണറ്റിനു മുകളിൽ അടിച്ച് ബഹളം വെക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
ശാസ്തമംഗലത്തു നിന്നും വെള്ളിയമ്പലം ഭാഗത്തേക്ക് കാറിൽ പോവുകയായിരുന്നു മാധവ്. എതിർ ഭാഗത്തുനിന്ന് വന്ന വിനോദിൻ്റെ വാഹനം യുടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ മാധവിൻ്റെ കാറുമായി നേർക്ക് നേർ വരുകയായിരുന്നു. തുടർന്ന് വാഹനങ്ങൾ കൂട്ടിമുട്ടുന്ന സ്ഥിതിയിലേക്ക് വന്നപ്പോൾ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തെ തുടർന്ന് ആളുകൾ കൂടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
വിനോദ് കൃഷ്ണ പോലീസിനെ വിവരം അറിയിക്കുകയും മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്ന് മ്യൂസിയം പോലീസ് സ്ഥലത്തെത്തി മാധവിനെ കസ്റ്റടിയിലെടുത്തു. ബ്രത്ത് അനലൈസർ പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ച നടത്തി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പരാതിയില്ലെന്ന് വിനോദ് എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് മാധവിനെ വിട്ടയച്ചത്.