തിരുവനന്തപുരം- കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നിരസിക്കുന്നതായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ
മുൻപുതന്നെയുള്ള നിലപാടാണെന്നും അവാർഡ് വിവരം വൈകിയാണ് അറിഞ്ഞതെന്നും സ്വരാജ് പറഞ്ഞു.
ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്ന് വ്യക്തമാക്കിയ സ്വരാജ്, മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നുവെന്നും പറഞ്ഞു. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നുവെന്നും അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും സ്വരാജ് പറഞ്ഞു. പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ സിബി കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡാണ് സ്വരാജിന് ലഭിച്ചത്.