എടവണ്ണ- പി.വി അൻവറിനെ ഒരു ഘട്ടത്തിലും സി.പി.എം ശത്രുവായി കാണുന്നേയില്ലെന്നും പാർട്ടിയുടെ ശത്രുവാകാനുള്ള വലുപ്പം അദ്ദേഹത്തിന് ഇല്ലെന്നും സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എം. സ്വരാജ്. എടവണ്ണയിൽ സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ മുന്നിലെ ശത്രു വർഗീയതയും സാമ്രാജ്യത്വവുമാണ്. എക്കാലത്തും വർഗീയതതക്കും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടമാണ് സി.പി.എം നടത്തുന്നത്.
പി.വി അൻവറിന് സി.പി.എമ്മിന്റെ ശത്രുവാകാനുള്ള വലുപ്പമില്ല. നിലമ്പൂരിൽ എട്ടര വർഷത്തോളം സി.പി.എം സഖാക്കൾ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ പരിഗണിച്ചു. അദ്ദേഹം എന്താണ് ചെയ്തത് എന്ന് അദ്ദേഹം പരിശോധിക്കട്ടെ. വ്യത്യസ്ത നിലപാട് സ്വീകരിച്ച് അദ്ദേഹം നിലമ്പൂരിൽ യോഗം വിളിച്ചപ്പോൾ ആ ഭാഗത്തെ ഒരു സി.പി.എം അംഗം, പോയിട്ട് ഒരു പാർട്ടി അനുഭാവി പോലും ആ വഴിക്ക് പോയില്ല. മാധ്യമപ്രവർത്തകർ മണിക്കൂറുകൾ അൻവറിന്റെ യോഗത്തിൽ പാർട്ടി പ്രവർത്തകരുണ്ടോ എന്ന് പരിശോധിച്ചു. ആർക്കും കിട്ടിയില്ല. ഒരു ചെറുകാറ്റടിച്ചാൽ വീഴുന്ന പാർട്ടിയല്ല സി.പി.എം. ഈ പാർട്ടി അങ്ങ് ഒലിച്ചുപോകുമെന്ന് നിങ്ങൾ കരുതിയോ എന്നും സ്വരാജ് ചോദിച്ചു.
നിലമ്പൂർ കുഞ്ഞാലിയുടെയും പൗലോസിന്റെയും മണ്ണാണ്. ഇവിടെ സി.പി.എമ്മിനെ ഒന്നും ചെയ്യാൻ ആർക്കും ആകില്ല. സി.പി.എമ്മിന് വിലയിടാൻ ആർക്കുമാകില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാലം വരെ അച്ചടിച്ച പണം ഒരു തട്ടിൽ വെച്ചാലും ഏറനാട്ടിലെ സി.പി.എം പ്രവർത്തകരുടെ ആത്മാഭിമാനം വെച്ച തട്ട് താണു തന്നെയിരിക്കും. സി.പി.എം കരുത്തോടെ ഉണ്ടാകണമെന്ന് ലീഗിന്റെയും കോൺഗ്രസിന്റെയും സാധാരണ പ്രവർത്തകർക്ക് ബോധ്യമുണ്ട്. നമ്മുടെ പല ഉദ്യമങ്ങളിലും ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ നമ്മെ സഹായിക്കുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു.